നീറ്റ് പിജി ഒബിസി സംവരണം അംഗീകരിച്ച് സുപ്രീം കോടതി

supreme court

ന്യൂഡൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിൻ്റെ  ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ അനുമതിയായിരിക്കുകയാണ്.  

അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാർച്ച് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. ഈ വർഷത്തെ കൗൺസിലിങ് നടപടികൾ തടസപ്പെടാതിരിക്കാൻ 10 ശതമാനം ഈ വർഷം മാത്രം നടപ്പാക്കാനും സുപ്രീംകോടതി അനുമതി നൽകി.

ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്.  മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്. 

രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നീറ്റ് പിജി പ്രവേശനത്തിലെ മുന്നോക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. 

സംവരണ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് വിധി പ്രസ്താവം വായിച്ചത്. വിധി പ്രസ്താവത്തിന് തൊട്ടുപിറകെ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ ഡി എം കെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. വിൽസൺ അഭിനന്ദിച്ചു.