മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു

Mullaperiyar Dam
 

ദില്ലി:  മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു. 

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും നേരത്തെ കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിൻറെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിൻറെ ജോയൻറ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിൻറെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൻറെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിരുന്നു.