ഭാര്യയേയും എട്ടുവയസുളള മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

crime

പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് സംഭവം. പ്രിയങ്ക, മകന്‍ താനിഷ്‌ക എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയശേഷം സുദീപ്ത ഗാംഗുലി(44) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബെംഗളൂരുവിലുള്ള സുദീപ്തയുടെ സഹോദരന്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് മരണവിവരം പുറം ലോകമറിയുന്നത്. സഹോദരന്റെ നിര്‍ദ്ദേശ പ്രകാരം സുദീപ്തയുടെ സുഹൃത്ത് ഫ്‌ലാറ്റില്‍ എത്തിയെങ്കിലും ഫ്‌ളാറ്റ് ലോക്ക് ചെയ്തതിനാല്‍ പൊലീസ് സ്റ്റേഷനില്‍ മിസ്സിങ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

സുദീപ്തയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഫ്‌ളാറ്റില്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഫ്‌ലാറ്റ് തുറക്കുകയായിരുന്നു. പ്രിയങ്കയുടേയും താനിഷ്‌കയുടേയും മൃതദേഹം പ്ലാസ്റ്റിക് കവറുകളിലും സുദീപ്തയെ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പും  കണ്ടെത്തിയിട്ടില്ല. അടുത്തിടെ സോഫ്റ്റ് വെയര്‍ ജോലി രാജിവെച്ച് സുദീപ്ത സ്വന്തം ബിസിനസ് തുടങ്ങിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.