ഹരിയാനയിൽ പത്ത് വയസുകാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത എട്ട് പേരുൾപ്പെടെ ഒമ്പത് പ്രതികൾ

rape

ഛണ്ഡീഗഢ്​: ഹരിയാനയിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ 18 വയസ്സുകാരനെയും എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ്​ പിടികൂടി. പ്രതികൾ കുറ്റകൃത്യം ചിത്രീകരിച്ച് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്​തതായും പൊലീസ് അറിയിച്ചു.

മെയ് 24ന്​ റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിന്​ പുറത്ത് കളിക്കുന്നതിനിടെ പ്രതികളിലൊരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്​ ഗ്രാമത്തിലെ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന്​ ബലാത്സംഗം ചെയ്തു. 

18 വയസ്സുകാരനാണ്​ ഇതിൻെറ വിഡിയോ പകർത്തിയത്​. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഈ വിഡിയോ മറ്റുള്ളവർക്ക് കൈമാറി പ്രചരിപ്പിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ്​ പറഞ്ഞു.

ഒമ്പത് പ്രതികളിൽ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്​. വാട്ട്‌സ്ആപ്പിൽ വീഡിയോ പ്രചരിച്ച്​ ദിവസങ്ങൾക്ക്​ ശേഷമാണ് കുടുംബം സംഭവം അറിയുന്നത്​. തുടർന്ന് ജൂൺ ഒമ്പതിന്​​ പൊലീസിൽ പരാതി നൽകുകയായിരുന്നു.