വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ ഇനി ജോലിക്ക് ഹാജരാകേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

vaccine
ന്യൂഡല്‍ഹി :  വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ ഇനി ജോലിക്ക് ഹാജരാകേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഒരു ഡോസ് കോവിഡ്    വാക്‌സിന്‍ പോലും എടുക്കാത്തവര്‍ ഇനി ജോലിക്ക് എത്തേണ്ടെന്നാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

നിയമം ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഒരു ഡോസ് സ്വീകരിക്കുന്നതു വരെ ഇവരെ 'ലീവ്' ആയി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ആരോഗ്യ സേതു ആപ്പിലെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, അല്ലെങ്കില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന് ഓഫീസ് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ഒപ്പുവെച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

ജീവനക്കാര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന നടപടി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.