ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും

ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കേസില്‍ ഇന്ന് ഹാജരാകാനായിരുന്നു ഇഡി കവിതയ്ക്ക് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കവിത ഇഡിയെ അറിയിക്കുകയായിരുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ഉപവാസ സമരത്തില്‍ കവിത പങ്കെടുക്കുന്നുണ്ട്. നാളെ ജന്തര്‍ മന്തറിലാണ് ബിആര്‍എസിന്റെ നേതൃത്വത്തിലുള്ള സമരം നടക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സമയം നല്‍കണമെന്ന് കവിത ആവശ്യപ്പെട്ടത്.
കേസില്‍ നേരത്തെ ഹൈദരാബാദ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അരുണ്‍ ആര്‍ പിള്ളയേയും കവിതയുടെ അക്കൗണ്ടന്റിനെയും അറസ്റ്റു ചെയ്തിരുന്നു. മദ്യനയം നടപ്പാക്കുന്നതിന് ആംആദ്മി പാര്‍ട്ടിക്ക് 100 കോടി നല്‍കിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം. അഴിമതിയില്‍പ്പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.