കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് ആരംഭിക്കും

farmers protest

ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്നാരംഭിക്കും. ജന്തര്‍ മന്ദറിലെ സമരത്തില്‍ പ്രതിദിനം ഇരുന്നൂറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളുമാകും പങ്കെടുക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെ ധര്‍ണ നടത്തും. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

അതേസമയം,  പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിനു നല്‍കും.പ്രതിഷേധത്തില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കാതെയിരിക്കാനാണ് പുതിയ തീരുമാനമെന്ന് നേരത്തെ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. അതിനിടെ, കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തും.നേരത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടാവുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.