×

വാഹനാപകടത്തിൽ കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പിതാവ് പാരിതോഷികം പ്രഖ്യാപിച്ചത് ഒരു കോടി: എട്ടാം ദിനം തേടിയെത്തിയത് മകന്റെ മരണവാര്‍ത്ത; കണ്ണീരോര്‍മയായി വെട്രി

google news
Dh
ചെന്നൈ: ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്‌ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ‘ശുഭ വാർത്ത’യ്ക്കായുള്ള ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ കാത്തിരിപ്പിനു വേദന നിറഞ്ഞ പരിസമാപ്തി. കാർ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ സത്‌ലജ് നദിയിൽ കാണാതായ വെട്രി ദുരൈസാമിയുടെ മൃതദേഹം അപകടം നടന്ന് എട്ടാം നാൾ അതേ നദിയിൽ നിന്നുതന്നെ കണ്ടെത്തി. പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകുമെന്ന ആ പിതാവിന്റെ പ്രതീക്ഷയ്ക്കും ഇതോടെ വേദന നിറഞ്ഞ അവസാനം.
    
ഈ മാസം നാലിനാണ് സുഹൃത്ത് ഗോപിനാഥിനൊപ്പം (32) വെട്രി ഷിംലയിലേക്കു വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്ക്കായി വാടകയ്‌ക്കെടുത്ത കാറിന്റെ ഡ്രൈവർക്കു ഹൃദയാഘാതമുണ്ടായതോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്കു കൂപ്പുകുത്തി സത്‌ലജ് നദിയിൽ പതിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് പൊലീസും പ്രദേശവാസികളും ചേർന്നു നടത്തിയ പരിശോധനയിലാണു നദിക്കരയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ കണ്ടെത്തിയത്. അദ്ദേഹത്തെ അന്നുതന്നെ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഹിമാചലിൽ നിന്ന് ചെന്നൈയിലേക്കു മാറ്റിയ ഗോപിനാഥിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
   
പുഴയിൽ പതിച്ച കാർ കേന്ദ്രീകരിച്ച് പിറ്റേന്നു നടത്തിയ പരിശോധനയിൽ പ്രദേശവാസി കൂടിയായ ഡ്രൈവർ താൻജിന്റെ മൃതദേഹം കണ്ടെത്തി.  അപ്പോഴും വെട്രി കാണാമറയത്തു തുടർന്നു. അപകടം നടന്ന കിണ്ണനൂരിലെ പ്രാദേശിക പൊലീസ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഹോം ഗാർഡുമാർ എന്നിവർക്കു പുറമേ മഹുൻ നാഗ് അസോസിയേഷനിലെ മുങ്ങൽ വിദഗ്ധരും വെട്രിക്കായുള്ള തിരച്ചിലിൽ പങ്കാളികളായി. ഇതിനിടെയാണ്, മകനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പിതാവ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. പ്രദേശത്തു താമസിക്കുന്ന ആദിവാസി വിഭാഗക്കാർ തന്റെ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷ ആ പിതാവിന് അവസാന നിമിഷം വരെ ഉണ്ടായിരുന്നു. അദ്ദേഹം ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു. തിരച്ചിലിനിടെ പ്രദേശത്തു കണ്ടെത്തിയ ശരീര ഭാഗങ്ങൾ വെട്രിയുടേതാണോ എന്നു കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും അതു മറ്റൊരാളുടേതാണെന്നു തിരിച്ചറിഞ്ഞു. സത്‍ലജ് നദിയിലെ പാറയിൽ നിന്നാണ് തിരച്ചിലിനിടെ വിവിധ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
   
Read more...
     
വെട്രിയെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം ഒന്നിനു പുറകേ ഒന്നായി വിഫലമായി. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും പലപ്പോഴും വില്ലനായി. വെട്രിക്കായുള്ള തിരച്ചിലിൽ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ഇതിനിടെ വെട്രിയുടെ അതേ ഉയരവും ഭാരവുമുള്ള ഡമ്മിയുണ്ടാക്കി അപകട സ്ഥലത്തുനിന്ന് പുഴയിൽ വീണിരിക്കാൻ സാധ്യതയുള്ള സ്ഥലത്ത് ഇട്ടും പരീക്ഷണം നടത്തി. 
   
വിവിധ പരീക്ഷണങ്ങൾക്കൊടുവിൽ വെട്രിക്കായുള്ള തിരച്ചിൽ എട്ടാം ദിനത്തിലേക്കു കടന്നതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, അപകടം നടന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്ററോളം മാറി മൃതദേഹം ലഭിച്ചത്. വെട്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം സെയ്ദെ ദുരൈസാമി മകന്റെ മൃതദേഹം ഏറ്റുവാങ്ങി ചെന്നൈയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം.
   
ചലച്ചിത്ര സംവിധായകൻ കൂടിയായ വെട്രി സിനിമാ നിർമാണ സംഘത്തിനൊപ്പമാണ് ഹിമാചൽ പ്രദേശിൽ എത്തിയതെന്നും പറയുന്നുണ്ട്. 2021ൽ ‘എൻട്രാവത് ഒരു നാൾ’ എന്നൊരു സിനിമ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. വിധാർഥ് നായകനായെത്തിയ ചിത്രത്തിൽ മലയാളിയായ രമ്യ നമ്പീശനായിരുന്നു നായിക. വിവിധ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ഈ ചിത്രം പുരസ്കാരങ്ങളും നേടി. സൂപ്പർതാരം അജിത്തുമായി അടുത്ത സൗഹൃദമുള്ള വ്യക്തി കൂടിയായിരുന്നു.