കുടിലിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു

fire in house

കാണ്‍പൂര്‍:  ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ദേഹാത് ജില്ലയില്‍ കുടിലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു. റൂറയിലെ ഹര്‍മൗ ബഞ്ചാരദേര ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. 

സതീഷ് കുമാര്‍ ഭാര്യ കാജള്‍ ഇവരുടെ മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.