വീപ്പയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലക്ക് പിന്നിൽ സീരിയൽ കില്ലറോ?

ബെംഗളുരു: വീപ്പയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. സമാനമായ കൊലകൾ മുൻപ് നടന്നതുമായി ചേർത്ത് ഇതൊരു സീരിയൽ കില്ലർ നടത്തിയ കൊലപാതകമാണെന്ന രീതിയിലായിരുന്നു വാർത്തകൾ പുറത്ത് വന്നത്.
യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് നീല കളറുള്ള ഡ്രമ്മിൽ നിന്ന് ലഭിച്ചത്. സംഭവത്തിൽ ബീഹാർ സ്വദേശികളായ കമാൽ (21), തൻവീർ (28), ഷാക്കിബ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ നവാബും മറ്റ് നാല് കൊലയാളികളും ഇപ്പോഴും ഒളിവിലാണ്. നവാബിന്റെ സഹോദരന്റെ ഭാര്യയെയാണ് ഇവർ കൊലപ്പെടുത്തി ഡ്രമ്മിലാക്കി മൃതദേഹം ഉപേക്ഷിച്ചത്.
നവാബിന്റെ അമ്മാവന്റെ മകന്റെ ഭാര്യയായിരുന്നു കൊല്ലപ്പെട്ട തമന്ന എന്ന യുവതി, എന്നാൽ പിന്നീട് നവാബിന്റെ സഹോദരനുമായി പ്രണയത്തിലാകുകയും ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. ഇതോടെ കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
കാര്യങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന തമന്നയെയും സഹോദരനെയും വിളിച്ചുവരുത്തി, സഹോദരനെ വസ്ത്രങ്ങളെടുക്കാൻ പറഞ്ഞ് വിട്ടതിന് ശേഷം തമന്നയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി , കയ്യും കാലും ഒടിച്ച് വീപ്പയിലാക്കി മൃതദേഹം ബെയ്യപ്പനഹള്ളി സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു.