രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യവകുപ്പ്

y
ന്യൂഡൽഹി;രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യവകുപ്പ്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിൻറെ വിലയിരുത്തൽ.

മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. രാവിലെ അഞ്ച് മുതൽ രാത്രി 11 വരെയാണ് നിയന്ത്രങ്ങൾ.രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി.

അതേ സമയം സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിക്കുകയാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം 5000 ന് മുകളിൽ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ടി.പി.ആർ പത്തിലേക്ക് അടുക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഒമിക്രോൺ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. 23 പേർക്ക് കൂടി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 16 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും നാലു പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി കാണുന്നുണ്ട്.