കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: വിവാദമായ 3 കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും.

പാര്‍ലമെന്റിൻ്റെ ശൈത്യകാല സമ്മേളനത്തിലാണ് നടപടി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് മോദി ന്യായികരിച്ചിരുന്നു. സര്‍ക്കാരിൻ്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത്.

കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവർത്തനം ക്രമീകരിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. മണ്ഡികളെ ക്രമീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ ഇത് മനസ്സിലാക്കാൻ ഒരു വിഭാഗം കർഷകർ തയ്യാറായില്ല. അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിച്ചു. സമരത്തെ ദീർഘമായി നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രമിച്ചു എന്ന്  പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്. അതിനാൽ രാഷ്ട്രീയ ലക്ഷ്യം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. പഞ്ചാബിൽ അമരീന്ദർ സിംഗ് സ്വന്തം പാർട്ടി രൂപീകരിച്ച് എൻഡിഎയ്ക്കൊപ്പം ചേരുമെന്നറിയിച്ചതിനാൽ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇതിനിടെ ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവവും ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചു.