സച്ചിൻ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭ പുനസംഘടിപ്പിച്ചു

xxx
 

ദില്ലി: സച്ചിൻ പൈലറ്റിനൊപ്പമുള്ളവരെ (Sachin Pilot) കൂടി ഉൾപ്പെടുത്തി രാജസ്ഥാൻ (Rajasthan)  മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതുതായി ചുമതലയേൽക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.  11 ക്യാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 

മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം  പുറത്താക്കപ്പെട്ട  വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുൾപ്പടെ അഞ്ച് പേരാണ് പൈലറ്റ് ക്യാമ്പിൽ നിന്ന് മന്ത്രിമാരായത്.  മൂന്ന് പേർക്ക് ക്യാബിനെറ്റ് പദവി ലഭിച്ചപ്പോൾ രണ്ട് പേർ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമർപ്പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള  രഘുശർമയുടെയും ഗോവിന്ദ് സിങ് ദോതാസരയുടുയും ഹരീഷ് ചൗധരിയുടെുയം രാജി കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ​ഗെലോട്ട് ഗവർണർക്ക് നൽകിയത്. അതിനാൽ ഇവരൊഴിച്ച് മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും സ്ഥാനത്ത് തുടരും. 

പുതിയ പതിനഞ്ച് പേർ മന്ത്രിയായതോടെ  രാജസ്ഥാനിൽ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും. പുതുതായി മന്ത്രിമാരാകുന്നവരിൽ നാല് പേർ എസ് സി വിഭാഗത്തിൽ നിന്നും മൂന്ന് പേർ എസ് ടി  വിഭാഗത്തിൽ നിന്നുമാണ്. ഇവരിൽ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനെറ്റ് പദവിയിലേക്ക് ഉയർത്തുകയായിരുന്നു.  മുഖ്യമന്ത്രിയാക്കാഞ്ഞതിന് പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ സച്ചിൻ പൈലറ്റിന് മന്ത്രിസഭ പുനസംഘടന ആശ്വാസകരമാണ്. പുനസംഘടന കൂട്ടായി  എടുത്ത തീരുമാനമാണെന്നും പാർട്ടിയിൽ  ഭിന്നതിയില്ലെന്നും സച്ചിൻ പൈലറ്റ്  നേരത്തെ വാർത്തസമ്മേളനത്തിൽ പറഞ്ഞു.