തോല്‍വിക്കു കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസം

suvendu adhikari

നിയമസഭാ തിരഞ്ഞെടുപ്പിൽ 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് ബിജെപിയുടെ തോൽവിക്കു കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന പാർട്ടി യോഗത്തിലാണ് സുവേന്ദുവിന്റെ പരാമർശം.

‘നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് വോട്ടെടുപ്പ് ഘട്ടങ്ങളിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, നേതാക്കളിൽ പലരും അമിത ആത്മവിശ്വാസവുമുള്ളവരായിത്തീർന്നു. തിരഞ്ഞെടുപ്പിൽ ബിജെപി 170-180 സീറ്റുകൾ നേടുമെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി. പക്ഷേ അവർ താഴേത്തട്ടില്‍ പ്രവർത്തിച്ചില്ല’– അദ്ദേഹം പറഞ്ഞു. ലക്ഷ്യം നേടുന്നതിന് താഴെത്തട്ടിലുള്ള പ്രവർത്തനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സുവേന്ദുവിന്റെ പരാമർശങ്ങളോട് പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ്, സാമൂഹ്യക്ഷേമ പദ്ധതികളും മുഖ്യമന്ത്രി മമത ബാനർജിയുടെ വികസനവും സുവേന്ദു മനഃപൂർവം മറന്നാണ് തോൽവിയിൽ ന്യായീകരണം കണ്ടെത്തുന്നതെന്ന് പറഞ്ഞു. തന്റെ പാർട്ടിക്ക് 180 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സുവേന്ദു ആവർത്തിച്ചു വീമ്പിളക്കിയില്ലേ? ബിജെപിക്ക് ബംഗാളിന്റെ സ്പന്ദനം അറിയില്ല. തൃണമൂൽ കോൺഗ്രസിന് അതു നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.