ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്തും;വിക്ഞ്ജാപനം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

abortion

ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ൽ നിന്ന് 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇതുപ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം.

കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കുക. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും.ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണം. അപേക്ഷയിൽ 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം. കൗൺസലിങ്ങും നൽകണം. 20 – 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ 2 ഡോക്ടർമാരുടെ അനുമതി വേണം.ഗർഭം ധരിച്ചു 9 ആഴ്ചയ്ക്കുള്ളിലുള്ളതെങ്കിൽ, മൂന്നാഴ്ചയിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡോക്ടർക്കു ഗർഭഛിദ്രം നടത്താം. 24 ആഴ്ചയ്ക്കു മുകളിലെങ്കിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത് തുടങ്ങിയവയാണ് മറ്റു പ്രധാന ഭേദഗതികൾ.