പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല; കർഷക പ്രതിഷേധം സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു: പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നി. എന്നാൽ പ്രധാനമന്ത്രി മടങ്ങിപ്പോയതിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷക പ്രതിഷേധം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് ചന്നി പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ ഇരിക്കുന്ന സ്ഥലത്തിന് മുൻപ് തന്നെ തടഞ്ഞു. ഏതൊരു പ്രതിഷേധക്കാരെയും മാറ്റാൻ കുറഞ്ഞത് 10-20 മിനിറ്റ് എടുക്കും. പ്രധാനമന്ത്രിയെ ഇതിനെക്കുറിച്ച് അറിയിക്കുകയും മറ്റൊരു വഴിയിൽ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം മുന്നോട്ടുപോകാനാണ് തീരുമാനിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
ബഠിംഡയിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി 20 മിനിറ്റോളം കുടുങ്ങി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.