കര്‍ഷക സമരം നടത്തുന്നവര്‍ തെമ്മാടികളെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

meenakshi

ന്യൂഡല്‍ഹി: വിവാദ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ തെമ്മാടികളെന്ന് വിളിച്ച്‌ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

"'ഇതെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനമാണ്, പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നത്. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്". കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.

പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്. വ്യാഴാഴ്ച അവര്‍ ജന്തര്‍ മന്തറില്‍ 'കര്‍ഷക പാര്‍ലമെന്റി'ന് തുടക്കം കുറിച്ചിരുന്നു. പാര്‍ലമെന്റിന് സമീപത്തുള്ള ജന്തര്‍ മന്തറില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കര്‍ഷക സംഘടനകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്‍പതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണിത്.