ആദ്യഡോസ് വാക്സിൻ എല്ലാവർക്കും നൽകി മൂന്ന് സംസ്ഥാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം

three states and three union territories vaccinates 100% adult population
 

ന്യൂഡൽഹി∙ രാജ്യത്ത് എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന്‍ നൽകിയത്. 

നേട്ടം കൈവരിച്ച സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച മാണ്ഡവ്യ, ആരോഗ്യപ്രവര്‍ത്തകരെയും അനുമോദിച്ചു. 


രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്. ഓഗസ്റ്റ് 29-നാണ് ഹിമാചല്‍ ഈ നേട്ടം കൈവരിച്ചത്. സെപ്റ്റംബര്‍ പത്തിനാണ് ഗോവ ഈ നേട്ടം കരസ്ഥമാക്കിയത്. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു.സിക്കിം– 5.10 ലക്ഷം, ലഡാക്ക്– 1.97 ലക്ഷം, ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.

രാജ്യത്താകെ 74 കോടി ഡോസ് വാക്സീൻ ഇതിനകം വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിൽ അറിയിച്ചു.