ത്രിപുരയില്‍ കിങ്മേക്കറാകാന്‍ തിപ്ര മോത്ത

tri motha

ന്യൂ ഡല്‍ഹി:  വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ത്രിപുരയില്‍ കിങ്മേക്കറാകാന്‍ തിപ്ര മോത്ത. 

രാജകുടുംബാംഗമായ പ്രദ്യോത് മാണിക്യ ദേബര്‍മ്മ നയിക്കുന്ന തിപ്രമോത പാര്‍ട്ടി (ടിഎംപി) നിലവില്‍ 12 സീറ്റുകളില്‍ മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയ്ക്ക് തിരിച്ചടി നല്‍കി ഗോത്ര മേഖലകളില്‍ കിംഗ് മേക്കറാകുകയാണ് ടിഎംപി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അംപിനഗര്‍, ആശരാംബരി, ചരിലാം, കരംചര, കര്‍ബൂക്ക്, മണ്ഡൈബസാര്‍, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാര്‍, സിംന, തകര്‍ജല, തെലിയാമുറ എന്നിവിടങ്ങളിലാണ് തിപ്ര മോത നിലവില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. 

അതേസമയം, ത്രിപുരയില്‍ ബിജെപി, സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിര്‍ണായകമാകുക. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ 42 സീറ്റുകളിലാണ് പ്രമോത മത്സരിച്ചത്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടി പ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാര്‍ട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

അതിനിടെ. ത്രിപുരയില്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. നിലവില്‍ ബിജെപി 31 ലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.