കർഷക സമരത്തിന് ഇന്ന് ഒരു വയസ്; സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

farmers protest

ന്യൂഡൽഹി: കർഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടർന്നത്. കർഷകസമരത്തിൻ്റെ ഒന്നാംവാർഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ് കർഷക സംഘടനകൾ. 

സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചാകും പ്രതിഷേധം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ അതിർത്തികളിലേയ്‌ക്കെത്തും. ഒന്നാം വാർഷികം കണക്കിലെടുത്ത് വൻസുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമടക്കം ഒരുക്കിയിരിക്കുന്നത്.

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ ആറ് ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കർഷകരുടെ ആറ് ആവശ്യങ്ങൾ കാണിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിൻ്റെ മറുപടികൂടി പരിഗണിച്ചാകും കർഷകസമരം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നാളെ സിംഗുവിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ നിലവിലെ സാഹചര്യവും വിലയിരുത്തും. കഴിഞ്ഞ വർഷം നവംബർ 26നായിരുന്നു വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ‘ഡൽഹി ചലോ’ മാർച്ചുമായി അതിർത്തികളിലെത്തിയത്.