രാജ്യദ്രോഹക്കുറ്റം; 6 വർഷത്തിനിടെ 326 കേസുകൾ

sedition

2014 നും 2019നും ഇടയിൽ വിവാദ രാജ്യദ്രോഹ നിയമ പ്രകാരം രാജ്യത്തു രജിസ്റ്റർ ചെയ്തത് 326 കേസുകൾ. എന്നാൽ ഇതിൽ ആകെ ശിക്ഷിക്കപ്പെട്ടത് 6 പേർ മാത്രം. ബ്രിട്ടിഷ് വാഴ്ചയുടെ കാലത്തു കൊണ്ടു വന്ന രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
6 വർഷത്തിനിടെ കേരളത്തിൽ 25 രാജ്യദ്രോഹ കേസുകളാണു രജിസ്റ്റർ ചെയ്തത്. എന്നാൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരെണ്ണത്തിൽപോലും കുറ്റപത്രം നൽകിയിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടുമില്ല.

രാജ്യത്ത് 326 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 141 എണ്ണത്തിൽ കുറ്റപത്രം നൽകിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ രേഖകൾ പറയുന്നു. 2020 ലെ കേസുവിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞിട്ടില്ല.

അതേസമയം, മേഘാലയ, മിസോറം, ത്രിപുര, സിക്കിം, ആൻഡമാൻ, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ്, ദാമൻ ഡ്യു, ദാദ്ര ഹവേലി നഗർ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഒറ്റ രാജ്യദ്രോഹ കേസ് പോലും ഇല്ല.

ഏറ്റവും കൂടുതൽ കേസുകൾ അസമിലാണ്; 54. ഇതിൽ 26 എണ്ണത്തിൽ കുറ്റപത്രം നൽകി, 25ൽ വിചാരണ പൂർത്തിയായി. എന്നാൽ ഒറ്റ കേസിലും ആരെയും ശിക്ഷിച്ചിട്ടില്ല.

ജാർഖണ്ഡിലെ 40 കേസുകളിൽ കുറ്റപത്രം നൽകിയത് 29 എണ്ണത്തിൽ. വിചാരണ പൂർത്തിയായത് 16. ഒരാൾ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. കർണാടകയിൽ 22 കേസുകൾ. കുറ്റപത്രം നൽകിയത് 17. വിചാരണ പൂർത്തിയായത് ഒരു കേസിൽ. ആരെയും ശിക്ഷിച്ചിട്ടില്ല.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പു പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച ഹർജികൾ പരിശോധിക്കാമെന്ന് ഈ മാസം 15ന് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.