ടിആർഎസ് സ്ഥാപക നേതാവ് എറ്റേല രാജേന്ദർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

etela rajendran

ഹൈദരാബാദ്: ടിആർഎസ് സ്ഥാപക നേതാവ് എറ്റേല രാജേന്ദർ തെലങ്കാന രാഷ്ട്രസമിതിയിൽ (ടിആർഎസ്) നിന്ന് രാജിവെച്ചു. രാജേന്ദറിനൊപ്പം ഏതാനും ചില പ്രാദേശിക നേതാക്കളും പാർട്ടിവിട്ടിട്ടുണ്ട്. ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയിൽ നിന്ന് എറ്റേല രാജേന്ദർ പുറത്താക്കപ്പെട്ടിരുന്നു.

ബിജെപിയിലോ കോൺഗ്രസിലോ ചേരുന്നതിന് മുന്നോടിയായാണ് ടിആർഎസ് ബന്ധം രാജേന്ദർ അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷൻ റെഡ്ഡി എന്നിവരുമായി രാജേന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, ചില കോൺഗ്രസ് നേതാക്കളുമായും ചർച്ചകൾ നടന്നിരുന്നു.

ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എറ്റേല രാജേന്ദറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ടിആർഎസ് സ്ഥാപകരിൽ പ്രധാനിയായ രാജേന്ദർ, ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ ധനമന്ത്രി, ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്.