രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ടുമരണം; ജാഗ്രതാ നിര്‍ദ്ദേശം

h3n2

ഹാസന്‍: ഇന്ത്യയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് മരിച്ചത്. കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള 82 കാരനായ ഹീര ഗൗഡയാണ് എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് രാജ്യത്ത് മരിക്കുന്ന ആദ്യത്തെയാള്‍. കടുത്ത പനിയെ തുടര്‍ന്ന്  കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് മരണം സംഭവിക്കുകയായിരുന്നു. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഇദ്ദേഹത്തിനെ അലട്ടിയിരുന്നു.  അതേസമയം ഹരിയാനയില്‍ മരിച്ചയാളുടെ പേര് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

എച്ച്3എന്‍2 വൈറസ് ബാധ അഥവാ ഹോങ്കോങ് ഫ്‌ലൂ എന്നറിയപ്പെടുന്ന വൈറസ് അണുബാധയില്‍ കൊവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുക. തുടര്‍ച്ചയായ ചുമ, പനി, കുളിര് ഒപ്പം ശ്വാസതടസും ശ്വാസമെടുക്കുമ്പോള്‍ ചെറിയ ശബ്ദം വരുന്നതുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. ഒരാഴ്ചയിലധികം ഈ ലക്ഷണങ്ങള്‍ തുടരാം. 

വൈറസ് ബാധ എളുപ്പത്തില്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പടര്‍ന്നു പിടിക്കുന്നു. മാസ്‌ക് ധരിക്കണമെന്നും സാമൂഹികാകലം പാലിക്കണമെന്നും അനാവശ്യമായ ആള്‍ക്കൂട്ടങ്ങളൊഴിവാക്കണമെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. മുതിര്‍ന്നവരിലും കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം എന്നതിനാല്‍ അത്യന്തം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.