കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി; ഔദ്യോഗിക വസതിയിലേക്ക് അജ്ഞാത ഫോൺകോൾ

google news
 nitin gadkari
 

ന്യൂഡൽഹി: കേന്ദ്ര ഉപരിതര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി. ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു റോഡിലുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് ഡൽഹി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോൺ നമ്പർ പരിശോധിച്ച് വിളിച്ച ആളെ കണ്ടെത്താനുളള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.


തിങ്കളാഴ്‌ച രാത്രി ഗഡ്കരിയുടെ ഓഫീസിലെ ജീവനക്കാരിൽ ഒരാളാണ് ഫോണെടുത്തത്. വിളിച്ചയാൾ മന്ത്രിയോട് സംസാരിക്കണമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തണമെന്നും പറഞ്ഞു. ഹിന്ദിയിലാണ് അജ്ഞാതൻ സംസാരിച്ചത്. മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഡൽഹി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കോൾ റെക്കോർഡുകളുടെയെല്ലാം വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണ്. പ്രതി ലാൻഡ്‌ലൈൻ നമ്പറിൽ വിളിച്ചതിനാൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

നേരത്തെ ജനുവരി 14 നും ഗഡ്ക്കരിക്ക് വധഭീഷണി ലഭിച്ചിരുന്നു. കാന്ത എന്ന് വിളിക്കുന്ന ജയേഷ് പൂജാരിയാണ് നാഗ്പൂരിലെ ഗഡ്ക്കരിയുടെ പബ്ലിക് റിലേഷൻ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ പെട്ട ആളാണെന്നും 100 കോടി രൂപ നൽകണമെന്നുമായിരുന്നു ഭീഷണി. ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയേഷ് പൂജാരിയാണെന്ന് വ്യക്തമായത്. ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണിയാൾ.

മാർച്ച് 21 നും ജയേഷ് പൂജാരി ഗഡ്ക്കരിക്കെതിരെ വീണ്ടും ഭീഷണി മുഴക്കിയിരുന്നു. 10 കോടി രൂപ നൽകണമെന്ന് ആയിരുന്നു അന്ന് ആവശ്യം. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകളെ തുടർന്ന് എൻഐഎ അന്വേഷണം ആരംഭിച്ചിരുന്നു. ലഷ്‌കറിന്റെ സൗത്ത് ഡിവിഷൻ മേധാവിയായ ക്യാപ്റ്റൻ നസീറുമായി അടുപ്പമുളള ആളാണ് പൂജാരിയെന്നാണ് വിവരം.

Tags