യു.പിയിലെ ഗുണ്ടാത്തലവൻ അനിൽ ദുജാന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

google news
UP Gangster Anil Dujana Killed In Encounter
 

ലഖ്നോ: യു.പിയിൽ കൊലപാതകക്കേസിൽ പിടികിട്ടാപ്പുള്ളിയായ അനിൽ ദുജാന മീററ്റിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പി പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ് ) ആണ് അനിൽ ദുജാനയെ വെടിവെച്ചു കൊന്നത്.  

18 കൊലക്കേസുകള്‍ അടക്കം 62-ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനില്‍ ദുജാന എന്ന അനില്‍ നാഗര്‍. കൊലക്കേസുകള്‍ക്ക് പുറമേ കവര്‍ച്ച, ഭീഷണിപ്പെടുത്തി പണംതട്ടല്‍, ഭൂമി കയ്യേറല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

ഗൗതം ബുദ്ധനഗറിലെ ദുജാന സ്വദേശിയായ അനില്‍, ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ചാണ് തന്റെ ഗുണ്ടാസാമ്രാജ്യം വളര്‍ത്തിയെടുത്തത്. 2022 ഡിസംബറില്‍ ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യംനേടി തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ കേസിലെ ദൃക്സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നാണ് റിപ്പോർട്ട്. 

തുടർന്ന് എസ്.ടി.എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായുണ്ടായ ഏറ്റവുമുട്ടലിനെ തുടർന്നുണ്ടായ വെടിവെപ്പിലാണ് ദുജാന കൊല്ലപ്പെട്ടത്.
 

Tags