കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യുപി സര്‍ക്കാര്‍

up

ലക്നൗ: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രോഗികള്‍ കുറവ് ഉള്ള ജില്ലകളില്‍ ജൂണ്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ലക്നൗ പോലുള്ള വലിയ നഗരങ്ങളില്‍ സജീവ കേസുകളുടെ എണ്ണം കൂടുതലായതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ല.

നിലവില്‍ 600ല്‍ താഴെ കൊറോണ രോഗികളുള്ള ജില്ലകളിലെ മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ തുടരും. ഗ്രാമീണ, നഗര മേഖലകളിലെ മാര്‍ക്കറ്റുകളും പരിസര പ്രദേശവും ഈ ദിവസങ്ങളില്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 


കടയുടമകളും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം ഉള്‍പ്പെടെയുളള കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കും. ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ മുഴുവന്‍ പേര്‍ക്കും ജോലിക്ക് ഹാജരാകാവുന്നാണ്. മറ്റ് വകുപ്പുകള്‍ അമ്പതുശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കണം. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ലെങ്കിലും ഭരണസംബന്ധമായ ജോലികള്‍ക്കായി ഇവിടങ്ങളിലെ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിജ്ഞാപനം പറയുന്നു.