വിമാനത്തില്‍ യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

american flight

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. 

യുഎസ്എയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ആര്യ വോഹ്റാണ് (20) സഹയാത്രികന്റെ ദേഹത്തേയ്ക്ക് മൂത്രമൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഡിഫന്‍സ് കോളനി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവ സമയത്ത് വിദ്യാര്‍ത്ഥി മദ്യപിച്ച നിലയിലായിരുന്നെന്നാണ് വിവരം. ഉറക്കത്തിലായിരുന്ന വിദ്യാര്‍ത്ഥി മൂത്രമൊഴിക്കുകയും ഇത് സീറ്റില്‍ പടരുകയുമായിരുന്നു. മൂത്രം സഹയാത്രികന്റെ ദേഹത്ത് വീണതോടെ ഇയാള്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിച്ചു.  എന്നാല്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ലെന്നും വിദ്യാര്‍ത്ഥി തന്നോട് മാപ്പ് പറഞ്ഞതായും സഹയാത്രികന്‍ പറഞ്ഞു. 

എന്നാല്‍ ക്യാബിന്‍ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെത്തി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.