വരാതെ തന്നെ വരവറിയിച്ച് വിജയ്; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം നേടി വിജയ് ഫാന്‍സ് അസോസിയേഷന്‍

vijay
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍ വിജയുടെ ഫാന്‍സ് അസോസിയേഷന്‍. സംസ്ഥാനത്തെ തദ്ദേശ  സ്ഥാപനങ്ങളിലേയ്ക്ക് തടന്ന തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം. പുതുയായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ 109 വാര്‍ഡുകളില്‍ വിജയ് മക്കള്‍ ഇയക്കം വിജയിച്ചു. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകര്‍ വിജയിച്ചുകയറിയത്. എന്നാല്‍ വിജയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

നേരത്തെ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്‍ട്ടി പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയപാര്‍ട്ടിയാക്കാന്‍ പിതാവ് നീക്കം നടത്തിയത്.എന്നാല്‍ ഇതിനെ എതിര്‍ത്ത് വിജയ് രംഗത്തുവരികയും തൻ്റെ പേരില്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരാധക സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് മത്സരിക്കാനും തൻ്റെ  ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനും വിജയ് അനുവാദം നല്‍കിയിരുന്നു. എഐഎഡിഎംകെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമില്ലാതെതന്നെ ആരാധക സംഘടനയ്ക്ക് നേട്ടം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ്  തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരാധക സംഘടന മത്സരത്തിന് ഇറങ്ങിയതെന്നാണ് സൂചന.

അതേസമയം, ഭരണകക്ഷിയായ ഡിഎംകെയാണ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആധിപത്യം നേടിയത്. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സിറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി.