തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം; മരണം നാലായി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

google news
 villupuram spurious liquor incident
 

വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത  അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ എത്താതിരുന്ന രാജമൂർത്തി എന്നയാളാണ് പിന്നീട് മരിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസപെൻഡ് ചെയ്തായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ മുണ്ടയംപാകം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാജമദ്യം വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വീടുകളിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ 16 പേരാണ് ചികിത്സയിൽ. ഇതിൽ എട്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

 
സംസ്ഥാനത്ത് മയക്കുമരുന്ന്, ലഹരി എന്നിവയുടെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാജമദ്യത്തിനെതിരെ സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു.

Tags