മണിപ്പൂർ ആഭ്യന്തര കലാപം; ചീഫ് സെക്രട്ടറിയെ മാറ്റി; വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും

ഇംഫാല്‍: സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.
1992 മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കേയാണ് വിനീത് ജോഷിയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയാക്കിയത്. കാലാവധി പൂർത്തിയായിരുന്നെങ്കിലും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിന് ഒരു വർഷം കൂടി സർക്കാര്‍ നീട്ടി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും.
അതേസമയം ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ്ഇം ഫാലിൽ നിന്ന് മടങ്ങിയത്.
കലാപ മേഖലകളില്‍ നിന്ന് ഇതുവരെ 23,000 പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. കലാപത്തിന് പിന്നാലെ മ്യാൻമാറിൽ നിന്ന് വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയോ എന്ന സംശയം അന്വേഷണ ഏജൻസികള്‍ക്കുണ്ട്. ഇതുവരെ കലാപത്തില്‍ മരിച്ചത് 55 പേരാണെന്നാണ് വിവരം. മണിപ്പൂരില്‍ കലാപം നടക്കുന്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന വിമർശനത്തെ സർക്കാർ തള്ളി. മണിപ്പൂരില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പ്രധാനമന്ത്രി പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി ആർ കെ സിങ് പറഞ്ഞു. സംഘർഷ സാഹചര്യത്തിന് അയവ് വന്നതോടെ മണിപ്പൂരിലെ കര്‍ഫ്യൂവിൽ ഇന്ന് രാവിലെ ഏഴു മുതല്‍ പത്ത് വരെ ഇളവ് നല്‍കിയിരുന്നു.