മണിപ്പൂരിൽ വീണ്ടും സംഘർഷം,​ ഒരാൾ കൊല്ലപ്പെട്ടു,​ രണ്ടുപേർക്ക് പരിക്ക്

google news
മണിപ്പൂരിൽ വീണ്ടും സംഘർഷം,​ ഒരാൾ കൊല്ലപ്പെട്ടു,​ രണ്ടുപേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സാമുദായിക സംഘ‌ർഷം ആരംഭിച്ചതായി റിപ്പോർട്ട്. സംഘ‌ർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ, ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നീ ജില്ലകളിലെ കർഫ്യൂ ഇളവ് ജില്ലാ അധികാരികൾ റദ്ദാക്കി. നേരത്തേ കർഫ്യൂവിൽ രാവിലെ 5 മുതൽ വൈകിട്ട് 4 വരെ ഇളവ് നൽകിയിരുന്നു.

ബിഷ്ണുപുർ ജില്ലയിലെ മൊയ്‌റാംഗിലെ ഏതാനും ഗ്രാമങ്ങളിൽ ഒരു സമുദായത്തിലെ ആയുധധാരികളായ യുവാക്കൾ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ എന്താണ് സംഭവിക്കുന്നതെന്നറിയാൻ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്നവർ പുറത്തിറങ്ങി. ഇതിനിടെയാണ് തോയ്ജാം ചന്ദ്രമണി (29) എന്നയാൾ വെടിയേറ്റു മരിച്ചത്. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ചന്ദ്രമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം അരങ്ങേറിയത്. സൈന്യവും അ‍ർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം ഇതുവരെ അവസാനിച്ചിരുന്നില്ല. 

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധിക അർധസൈനികരെയും പൊലീസിനെയും വിന്യസിച്ചു. അക്രമികൾ ചൊവ്വാഴ്ച രാത്രി ബിഷ്ണുപുരിലെ ഫൗബക്‌ചാവോയിലെ മൂന്നു വീടുകൾ കത്തിച്ചതായും പൊലീസ് പറഞ്ഞു. പ്രതികാരമായി മറ്റൊരു സമുദായത്തിലെ യുവാക്കൾ നാലു വീടുകൾ കത്തിച്ചു. 

ഇംഫാലിൽ മെയ്തെയ് വിഭാഗവും കുകി ഗോത്ര വിഭാഗവും ഏറ്റുമുട്ടിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. മണിപ്പുരിലെ 16 ജില്ലകളിൽ 11 എണ്ണത്തിലും അക്രമം ബാധിച്ചതോടെ മേയ് 3 മുതൽ സംസ്ഥാനത്ത് സംഘർഷം രൂക്ഷമാണ്. അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. 11 ജില്ലകളിലെ ഏറ്റവും സെൻസിറ്റീവും കലുഷിതവുമായ 23 പൊലീസ് സ്റ്റേഷൻ മേഖലകളിൽ സേന, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി എന്നിവയെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ ന്യൂ ചെക്കോൺിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘ‌ർഷത്തിൽ കലാശിച്ചിരുന്നു,​ തുടർന്ന് എതിർവിഭാഗം ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു. ഇതോടെ സംഘർഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്കും വ്യാപിച്ചു,​

ഇംഫാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവ‌ർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷത്തിന് തുടക്കമായത്. 56 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.

 
അതിനിടെ മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ​ഗ്രെനേഡുകളുമാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്.  

Tags