'എനിക്കെതിരെ 4 മന്ത്രിമാര്‍, അവർക്ക് മറുപടി നൽകൽ എന്‍റെ അവകാശം; പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണം': രാഹുൽ

rahul
 

ന്യൂഡല്‍ഹി: ലണ്ടനില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരായ ആരോപണം അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും അദാനി വിഷയത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി ലഭിച്ചില്ലെന്നും രാഹുൽ പറഞ്ഞു. 

നാലു മന്ത്രിമാര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. അവർക്ക് മറുപടി നല്‍കുക തന്‍റെ അവകാശമാണ്. വെള്ളിയാഴ്ച ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
'നാല് മന്ത്രിമാരാണ് എനിക്കെതിരെ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചത്. അതിന് സഭയില്‍ തന്നെ മറുപടി നല്‍കേണ്ടത് എന്റെ അവകാശമാണ്. ഇന്ന് ഞാന്‍ സ്പീക്കറോട് ഇക്കാര്യം ആവശ്യപ്പെട്ടു. സ്പീക്കറുടെ ചേംബറിലേക്ക് ഇതിനായിട്ടാണ് പോയത്. എന്നാല്‍ അദ്ദേഹം ഉറപ്പൊന്നുംനല്‍കിയില്ല. പുഞ്ചിരിക്കുകയാണ് ചെയ്തത്. എന്നാലും എന്നെ നാളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-രാഹുല്‍ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിമാര്‍ക്ക് മറുപടി നല്‍കേണ്ടത് തന്റെ ജനാധിപത്യപരമായ അവകാശമാണ്. ഇന്ത്യയില്‍ ജനാധിപത്യം തുടരുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ തനിക്ക് തന്റെ ഭാഗം പറയാനാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം, ഇന്ത്യയെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. രാഹുല്‍ മറ്റ് എംപിമാര്‍ക്ക് മുകളിലല്ല. പാര്‍ലമെന്റിനെ സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. 

പത്തു ദിവസത്തെ ലണ്ടൻ പര്യടനത്തിനിടെയാണ് കേന്ദ്രസർക്കാരിനെയും നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി വിമർശിച്ചത്. ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സർക്കാർ നേരിടുന്നുവെന്ന് ബ്രിട്ടിഷ് എംപിമാർക്ക് മുന്നിൽ രാഹുൽ തുറന്നടിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന സമീപനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും പ്രതിപക്ഷ പാർട്ടികളെ നിശബ്ദമാക്കാനും ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ കടുത്ത വിമർശനമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്.