ബിജെപിയിലെത്തിയാൽ 'വെളുപ്പിക്കൽ'; അമിത് ഷായ്ക്ക് സ്വാഗതം ആശംസിച്ച് ബിആർഎസിന്‍റെ ‘വാഷിങ് പൗഡർ നിർമ ’ പോസ്റ്റർ

Washing Powder Nirma Posters In Sarcastic Welcome To Amit Shah
 

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹാസത്തോടെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുമായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കൾ. നിർമ വാഷിങ് പൗഡറിന്റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ച ചിത്രങ്ങൾക്കു താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകൾ ശനിയാഴ്ച മുതലാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 

ഡൽഹി മദ്യനയ അഴിമതിയിൽ ബിആർഎസി എംഎൽസി കെ കവിതയെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ അമിത് ഷായെ പരിഹസിച്ച് ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.  

ബിജെപിയിലേക്ക് ചേക്കേറിയ ശേഷം വിവിധ കേസുകളിലെ അന്വേഷണം മരവിപ്പിക്കപ്പെട്ട നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ബോർഡിലുള്ളത്. ‘വെൽക്കം ടു അമിത് ഷാ’ എന്നെഴുതിയ പോസ്റ്ററിൽ ‘നിർമ പെൺകുട്ടി’ക്കു പകരം മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. ഹിമന്ത ബിശ്വ ശർമ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ എന്നിവരുടെ മുഖങ്ങളാണ് മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. ബൈ ബൈ മോദി എന്ന പരിഹാസ ബോർഡുകളും നഗരത്തിൽ ഉയർന്നിട്ടുണ്ട്.

54-ാമത് സിഐഎസ്എഫ് റേഡിങ് ഡേ പരേഡിൽ പങ്കെടുക്കുന്നതിനാണ് അമിത് ഷാ ഹൈദരാബാദിൽ എത്തിയത്. ബോർഡ് വച്ചതിനെതിരെ ബിജെപി രംഗത്തെത്തി. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ ഭയന്നാണ് ബിആർഎസ് പേരില്ലാതെ ബോർഡ് വച്ചതെന്ന് ബിജെപി നേതാവ് എൻ രാമചന്ദർ റാവു ആരോപിച്ചു.
 
അതിനിടെ, മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം കവിത ഇഡിക്ക് മുമ്പാകെ ഹാജരായി. ഒമ്പത് മണിക്കൂർ ചോദ്യം ചെയ്താണ് ഇവരെ വിട്ടയച്ചത്. വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ പേരിൽ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കവിത ആരോപിച്ചു.

കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ള എന്നിവരെ ഇഡി അറസ്റ്റു ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടി ഐടി സെൽ മേധാവി വിജയ് നായരും കവിതയുടെ ബിനാമി അരുൺ രാമചന്ദ്രപിള്ളയും ചേർന്ന് സ്വകാര്യലോബിയെ സഹായിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് ഇഡി ആരോപിക്കുന്നത്.