ത്രിപുരയില്‍ ആവശ്യമെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കും; സിപിഎമ്മിനെയും കോൺഗ്രസിനെയും സഹായിക്കില്ല: തിപ്രമോത

we will help the govt as & when they need-Tipra Motha
 

അഗര്‍ത്തല: ത്രിപുരയില്‍ ആവശ്യമെങ്കില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാര്‍ട്ടി ചെയര്‍മാന്‍ മാണിക്യദേബ് ബര്‍മന്‍. ത്രിപുരയില്‍ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച നേടിയിരുന്നു.

'ഞങ്ങള്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്, അതിനാല്‍ ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തില്‍ ഇരിക്കും, പക്ഷേ സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ ഒപ്പം ഇരിക്കില്ല. ഞങ്ങള്‍ സ്വതന്ത്രമായി ഇരിക്കും. സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ അവരെ സഹായിക്കും' മാണിക്യദേബ് ബര്‍മന്‍ പറഞ്ഞു.

'കോണ്‍ഗ്രസ് എന്റെ മാതൃപാര്‍ട്ടിയായിരുന്നു. ഇന്ന് തങ്ങള്‍ വിജയിച്ചു. എന്നെ പോലുള്ളവര്‍ എന്തുകൊണ്ട് പാര്‍ട്ടി വിടുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണം. അന്ന് കോണ്‍ഗ്രസ് വിചാരിച്ചു, ഇവനെ കൊണ്ട് ഒരു ഉപയോഗവുമില്ലെന്ന്. അവര്‍ക്ക് ഒരു പിഴവ് പറ്റിയാതാകാം' മാണിക്യദേബ് ബര്‍മന്‍ കൂട്ടിച്ചേര്‍ത്തു.