പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന 'ചെങ്കോല്‍'; ഇതിന്‍റെ ചരിത്രമെന്താണ്??

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിനടുത്തായി ചരിത്രപരമായ ചെങ്കോല്‍ സ്ഥാപിക്കാനും തീരുമാനമായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ചെങ്കോലിന് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ സൂചകമായി ചെങ്കോൽ കൈമാറിയത് 1947 ഓഗസ്റ്റ് 14ന് രാത്രി പത്തേമുക്കാലോടെയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന അധികാര മുദ്രയായിരുന്നു ആ ചെങ്കോൽ. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭുവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മറ്റു പ്രമുഖ നേതാക്കളും ആ ചടങ്ങിന്റെ ഭാഗമായി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരകൈമാറ്റം എങ്ങനെ പ്രതീകാത്മകമായി രേഖപ്പെടുത്തുമെന്ന് മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ചോദിച്ചിരുന്നു. ഇതേപ്പറ്റി ആലോചിച്ച നെഹ്‌റു ഇന്ത്യയുടെ അധികാരകൈമാറ്റം സംബന്ധിച്ച് ഒരു ചിഹ്നം നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയോട് ആവശ്യപ്പെട്ടു. രാജാജിയാണ് ചെങ്കോല്‍ എന്ന ആശയം മുന്നോട്ടു വെച്ചത്.
തമിഴ്‌നാട് ചരിത്രത്തില്‍ അധികാരമേല്‍ക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിര്‍ന്ന പുരോഹിതന്‍മാര്‍ ചെങ്കോല്‍ നല്‍കിയിരുന്നു. ചോള രാജവംശകാലത്ത് രാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ രാജാധികാരകൈമാറ്റം സൂചിപ്പിക്കാനായി ചെങ്കോൽ ഉപയോഗിച്ചിരുന്നു. അധികാരത്തിന്റെ വിശുദ്ധ പ്രതീകമായും ഒരു രാജാവിൽനിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. കാലാന്തരത്തിൽ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹിമ വിളിച്ചോതുന്ന ചിഹ്നമായ അതു മാറി. തമിഴ് സംസ്കാരത്തിന്റെ സമ്പന്ന ചരിത്രത്തെയും പൈതൃകത്തെയും വിശേഷിപ്പിക്കുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂർ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജാജി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവർ. 500 വർഷം മുൻപുതൊട്ടേ ചരിത്രത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഇവരുടെ പ്രവർത്തനം. ചെങ്കോൽ തയാറാക്കാൻ ഇവരുടെ സഹായമാണ് രാജാജി തേടിയതെന്ന് സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.
അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു. ചെന്നൈയിലെ അന്നത്തെ പ്രമുഖ സ്വർണവ്യവസായികളാണ് ചെങ്കോൽ നിർമിച്ചത്. ചെങ്കോലിന്റെ നിർമാണത്തിൽ പങ്കെടുത്തവരിൽ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകർ (88) എന്നിവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്നത്തെ മദ്രാസിലെ അറിയപ്പെടുന്ന ആഭരണ നിര്‍മ്മാതാവായ വുമ്മിഡി ബംഗാരു ചെട്ടിയാണ് ചെങ്കോല്‍ പണിതത്.
1947 ഓഗസ്റ്റ് 14ന് തമിഴ്നാട്ടിൽ നിർമിച്ച ചെങ്കോലുമായി മൂന്നുപേർ ഡൽഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരൻ എന്നിവരാണ് ചെങ്കോലിനൊപ്പം ഡൽഹിയിൽ എത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
പൂജാരി ചെങ്കോൽ എടുത്ത് ആദ്യം മൗണ്ട്ബാറ്റൻ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടർന്ന് ഗംഗാജലം തളിച്ച് ചെങ്കോൽ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്റുവിനു ചെങ്കോൽ കൈമാറുകയായിരുന്നു. ചെങ്കോല്‍ കൈമാറ്റ വേളയില്‍ ഒരുപ്രത്യേക ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
നിലവിൽ അലഹബാദിലുള്ള ചെങ്കോൽ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും. ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിൻറെ പ്രതീകമായ ഈ ചെങ്കോൽ പിന്നീടെല്ലാവരും മറന്നത് ചർച്ചയാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം.
ചെങ്കോലിന്റെ ചരിത്രം പറയുന്ന വെബ്സൈറ്റും സർക്കാർ തുടങ്ങി. പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ നാല്പതിനായിരത്തോളം പേർ പങ്കാളികളായി. തൊഴിലാളികളെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരത്തിൻറെ ഉദ്ഘാടനത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ഉദ്ഘാടനം നിർവ്വഹിക്കുന്നതിനെ സർക്കാർ ന്യായീകരിക്കുന്നത്.
മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2021 ജനുവരി 15-നാണ് ആരംഭിച്ചത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയ്ക്ക് ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത.