എസ്‌ ബി ഐ യോനോ അകൗണ്ടിന്റെ പേരിൽ വ്യാപക തട്ടിപ്പ്

sbi fake message

 ബാങ്ക് അക്കൗണ്ട് ബ്ലോക്കാണ്, യോനോ ആപ് പ്രവർത്തനരഹിതമാണ്, നെറ്റ് ബാങ്കിങ് സേവനം നിലയ്ക്കും തുടങ്ങിയ വ്യാജ മുന്നറിയിപ്പോടെയുള്ള മൊബൈൽ എസ്എംഎസിലൂടെ വ്യാപകമായ തട്ടിപ്പ്.എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്ന് എസ്എംഎസിലൂടെ തെറ്റിദ്ധരിപ്പിച്ചു സംസ്ഥാനത്തു വ്യാപകമായി തട്ടിപ്പു നടക്കുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് പാൻ കാർഡ് ആഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. .ഇതു പരിഹരിക്കാൻ ഇ–കെവൈസി (ഇടപാടുകാരന്റെ വിശദാംശങ്ങൾ) വിവരങ്ങൾ നൽകാനായി തട്ടിപ്പുകാരുടെ സൈറ്റിലേക്കുള്ള ലിങ്കും ഇതേ എസ്എംഎസിലുണ്ടാകും. ഇതിൽ ക്ലിക് ചെയ്യുന്നവർ, എസ്ബിഐയുടേതിനു തീർത്തും സമാനമായ വ്യാജ വെബ്സൈറ്റിലാണെത്തുക. പാൻ കാർഡ് നമ്പർ, യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകാനാണ് ആവശ്യപ്പെടുന്നത്. നിരവധിയാളുകൾക്ക് ഈ രീതിയിൽ മെസേജ് വന്നതായും തട്ടിപ്പിനിരയായതായും റിപ്പോർട്ടുകളുണ്ട്.വ്യാജ സൈറ്റ് എസ്ബിഐയുടേതെന്നു തെറ്റിദ്ധരിച്ച്, ഇടപാടുകാർ വിശദാംശങ്ങളെല്ലാം നൽകും. വെരിഫിക്കേഷനെന്ന പേരിൽ എസ്എംഎസ് ആയി ഒടിപി (വൺടൈം പാസ്‌വേഡ്) ലഭിക്കും.  ഇടപാടുകാരൻ ഒടിപി ഇതേ സൈറ്റിൽ രേഖപ്പെടുത്തുന്നതോടെ, അക്കൗണ്ടിൽ നിന്നു പതിനായിരങ്ങൾ പിൻവലിക്കപ്പെടും. ൽഹി, ബിഹാർ, യുപി എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്നാണു തുകകളെല്ലാം പിൻവലിച്ചിരിക്കുന്നതെന്നു സൈബർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ, പല സൈറ്റുകളാണുപയോഗിക്കുന്നത്.ഒരു വെബ്സൈറ്റ് പൊലീസ് ബ്ലോക്ക് ചെയ്യുമ്പോഴേക്കും മറ്റൊരെണ്ണം തുറന്നിട്ടുണ്ടാകും.സ്വന്തം സൈറ്റിലൂടെ ശേഖരിക്കുന്ന ഇടപാടുകാരുടെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ എസ്ബിഐ യോനോ ആപ് വഴി എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കുകയാണെന്നു സൈബർ പൊലീസ്. യോനോ ആപ്പിലെ യോനോ കാഷ് വഴി, കാർഡില്ലാതെ തന്നെ എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കാം. ഇന്ത്യയിലെ ഏത് എടിഎം കൗണ്ടറിൽ നിന്നും ഇത്തരത്തിൽ പണം പിൻവലിക്കാമെന്നതിനാലും മാസ്ക് ധരിച്ചാകും തട്ടിപ്പുകാർ എടിഎമ്മുകളിലെത്തുക എന്നതിനാലും തട്ടിപ്പുകാരെ തിരിച്ചറിയാനും പിടികൂടാനും ബുദ്ധിമുട്ടാകുമെന്നു സൈബർ പൊലീസ് പറയുന്നു.
എന്നാൽ ഇത് തീർത്തും തെറ്റായ സന്ദേശമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. ബാങ്കിങ് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള ഇ-മെയിലുകൾക്കും/എസ്എംഎസുകൾക്കും പ്രതികരിക്കരുതെന്നും, ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ phishing@sbi.co.in ൽ വിവരം അറിയിക്കണമെന്നും പിഐബി ട്വീറ്റ് പറയുന്നു.