കോൺഗ്രസ് ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയും: ഗെലോട്ട്

ashok gehlot
 

കൊച്ചി: കോൺഗ്രസ് ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് മുതിർന്ന നേതാവ് അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടി വഹിച്ച ചരിത്രമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം.

‘ഒരാള്‍ക്ക് ഒരു പദവി’ എന്ന ഉദയ്പുര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം എന്ന് രാഹുല്‍ ഗാന്ധി നിലപാട് എടുത്തിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തള്ളിയിരുന്നു.

ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.