
പട്യാല: പഞ്ചാബില്‍ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സ്ത്രീയെ വെടിവച്ചുകൊന്നു. പർവീന്ദർ കൗറാണ് കൊല്ലപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് താനങ്ങനെ ചെയ്തതെന്ന് പ്രതി നിര്‍മല്‍ജിത് സിങ് സൈനി പറഞ്ഞതായി പൊലീസ് അറിയിച്ചു.
ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ സരോവരത്തിന് സമീപത്തിരുന്ന് പർവീന്ദർ കൗർ മദ്യപിച്ചെന്നാണ് ആരോപണം. മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കൌറിനെ ചിലര്‍ ഗുരുദ്വാര മാനേജരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. മാനേജരുടെ മുറിയിൽ നിന്ന് പൊലീസുകാര്‍ക്കൊപ്പം പുറത്തുവന്നപ്പോഴാണ് നിര്‍മല്‍ജിത് സിങ് വെടിവെച്ചത്.
ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പ്രതിക്ക് ക്രിമിനൽ പശ്ചത്താലം ഒന്നുമില്ല. കച്ചവടക്കാരനായ സൈനി അടുത്തിടെ മൊറിൻഡ ഗുരുദ്വാരയിൽ നടന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്നും വരുൺ ശർമ്മ കൂട്ടിച്ചേർത്തു.
ഗുരുദ്വാര മാനേജരുടെ ഓഫിസിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സൈനി വെടിയുതിർത്തത്. തുടർന്ന് പ്രതി പൊലീസിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങി. അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്ന് എണ്ണം കൗറിന്‍റെ ശരീരത്ത് പതിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ കൗർ മരണത്തിന് കീഴടങ്ങി. അക്രമത്തിൽ പ്രതിക്കും വെടിയേറ്റിതിനെ തുടർന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
കുടുംബാംഗങ്ങൾ ആരും ഇതു വരെ മൃതദേഹം ഏറ്റെടുക്കുന്നതിന് വന്നിട്ടില്ല. എവിടെയാണ് കൗർ താമസിച്ചിരുന്നതെന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ കൗർ സീക്കറപുരിൽ നിന്നും ബസ് കയറിയാണ് ഗുരുദ്വാരയിലേക്ക് വന്നതെന്ന് പൊലീസ് കണ്ടെത്തി.