വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അംഗീകാരം; ബുധനാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡൽഹി: 33 ശതമാനം വതിനാ സംവരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം ലഭിച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ സർക്കാർ അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.
പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ രംഗത്തെത്തിയിരുന്നു.
പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷിയോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.
ബില്ലിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഏതൊക്കെ മണ്ഡലങ്ങൾ വനിതാ സംവരണ സീറ്റുകളാകുമെന്നും ഇവ എങ്ങനെ നിർണയിക്കുമെന്നുമുള്ള വിവരങ്ങൾ അടക്കം പുറത്തുവരാനുണ്ട്.
യുപിഎ സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ 2010-ൽ രാജ്യസഭ പാസാക്കിയെങ്കിലും ലോക്സഭ കടക്കാൻ സാധിച്ചിരുന്നില്ല. രാജ്യസഭ നൈയാമിക തുടർച്ചയുള്ള നിയമനിർമാണ സഭ ആയതിനാൽ ബിൽ റദ്ദായിട്ടില്ല.
വനിതാ സംവരണ ബില്ലിനുള്ളിൽ തന്നെ പട്ടികജാതി, പട്ടികവർഗ സ്ത്രീകൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തമെന്ന ആവശ്യം ഉന്നയിച്ചാണ് സമാജ്വാദി പാർട്ടി അടക്കമുള്ള കക്ഷികൾ 2010-ൽ ബില്ലിനെ എതിർത്തത്.
34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്നത് വനിതാ സംവരണ ബില്ല് തന്നെയായിരുന്നു. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷയടക്കം വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം