യുപി ബിജെപിയില്‍ ഭിന്നത: യോഗി ആദിത്യനാഥ് അമിത് ഷായെ കണ്ടു, നാളെ മോദിയുമായി കൂടിക്കാഴ്ച

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ്  മുക്തനായി

ന്യൂഡൽഹി: ഉത്തർപ്രദേശ് ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര നേതൃത്വത്തെ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി യോഗി കൂടിക്കാഴ്ച നടത്തി. നാളെ അദ്ദേഹം പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗി തലസ്ഥാനത്തെത്തിയത്. അമിത് ഷായുമായി ഒന്നര മണിക്കൂറാണ് അദ്ദേഹത്തിന്റെ വസതിയില്‍ യോഗി ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായും ചര്‍ച്ച നടത്തും.

യുപി ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉയർന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കാണുന്നത്. യോഗി സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിൽ വീഴ്ച വന്നതായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവവുമെല്ലാം വിമര്‍ശനങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും ഒരുവിഭാഗം വിമർശിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് യോഗി കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ബ്രാഹ്മണ മുഖമായ ജിതിൻ പ്രസാദ് യുപി ബിജെപിയുടെ നിർണായക ചുമതലയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജിതിന്‍ പ്രസാദയുടെ വരവോടെ ഇടഞ്ഞു നില്‍ക്കുന്ന ബ്രാഹ്മണ സമുദായത്തെ ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗിയെ മാറ്റാനുള്ള ശ്രമങ്ങളില്ലെങ്കിലും ജാതി, പ്രാദേശിക അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മോദിയുടെ വിശ്വസ്തനായ എകെ ശർമ ഉൾപ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കാനും കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.