കുസൃതി കാണിച്ചു; അഞ്ച് വയസുകാരൻ്റെ ഉള്ളംകാലിൽ പൊള്ളലേൽപ്പിച്ച് അമ്മ

five year old boys foot brutally burned by mother case

തൊടുപുഴ: അഞ്ച് വയസുകാരന് നേർക്ക് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.  രണ്ടു കാലിൻ്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. 

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അബിനേഷിനാണ് പൊള്ളലേറ്റത്. പറയാതെ മുറ്റത്തേക്കിറങ്ങി എന്നതാണ് അമ്മ കുട്ടിയെ പൊള്ളിക്കാൻ കാരണമായി പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ പരുക്ക് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കാലിൽ സാരമായ പൊള്ളലേൽക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി. ഇതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.