നിപ; പുനെയിൽ പരിശോധിച്ച എട്ട് സാമ്പിളുകളും നെ​ഗറ്റീവ്

t

കോഴിക്കോട്നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെ​ഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 

അതേസമയം നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് പെട്ടെന്ന് നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്‍റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുക.