നിപ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും

f

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം സംസ്ഥാനത്തേക്ക്. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ സഹായിയുടെ നേതൃത്വത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുക.

നിപ പരിശോധനയ്ക്ക് ലാബ് സജ്ജീകരിക്കുകയാണ് ഇവരുടെ പ്രധാന ദൌത്യം. താത്കാലിക ലാബ് സജ്ജീകരിക്കുന്നതോടെ സെക്കന്‍ററി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധന ഇവിടെ നടത്തും. ഹൈറിസ്ക് പട്ടികയിലുള്ളവരുടെ സ്രവം നേരിട്ട് പുനെയിലേക്കാണ് അയക്കുക.

നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചതിന് പിന്നാലെ കേന്ദ്രസംഘം ഇന്നലെ ചാത്തമംഗലത്ത് എത്തിയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍ സംഘത്തോട് വ്യക്തമാക്കിയിരുന്നു. വവ്വാല്‍ കടിച്ച റമ്പൂട്ടാനാണോ കുട്ടി കഴിച്ചതെന്നതടക്കം പരിശോധിച്ചുവരികയാണ്.