പാലക്കാട് 14 കാരിയും യുവാവും തൂങ്ങിമരിച്ച നിലയിൽ; വിഐപി ഡ്യൂട്ടിയുള്ളതിനാൽ പരാതി പൊലീസ് ​ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് ആക്ഷേപം

google news
police
 

പാലക്കാട്: പാലക്കാട് പടലിക്കാട് പതിനാല് വയസുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ് കാണാതായ ഇരുവരെയും കണ്ടെത്താന്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മന്ത്രിമാര്‍ ജില്ലയിലുണ്ടെന്ന കാരണം പറഞ്ഞ് പരാതി നല്‍കിയ ദിവസം തുടങ്ങി ഇരുവരെയും കണ്ടെത്താന്‍ പൊലീസ് ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. പരാതി നല്‍കിയതിന് പിന്നാലെ ബന്ധുക്കളും സ്വന്തം നിലയില്‍ ഇരുവരെയും കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.

ഇന്ന് പുലർച്ചെയാണ് പടലിക്കാട് ഇറിഗേഷൻ കനാലിന് സമീപമുള്ള മരത്തിൽ പതിനാലുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയേയും കൊട്ടേക്കാട് സ്വദേശി രഞ്ജിതിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി വീട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് പെൺക്കുട്ടിയെയും യുവാവിനെയും കാണാതായ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  
എന്നാൽ വിഐപി സുരക്ഷാ ജോലിക്കിടയിലും യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം നടത്തിയിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. അലംഭാവമുണ്ടായെന്ന ആക്ഷേപം മലമ്പുഴ പൊലീസ് നിഷേധിച്ചു. പാലക്കാട് എഎസ്പിയുടെ നേതൃത്വത്തിലാണ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്.

Tags