തൃക്കാക്കരയിൽ 19 സ്ഥാനാർത്ഥികൾ; ജോ ജോസഫിന് അപര ഭീഷണി

19 candidate thrikakkara bypol
 


കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മുന്നണി സ്ഥാനാർത്ഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. 

ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് അപര ഭീഷണിയുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപരൻ. ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ജോമോൻ ജോസഫ് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ മത്സരിക്കാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്. ജോ ജോസഫിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തൃക്കാക്കരയിലെത്തും.

വെണ്ണലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ട ടോം കെ ജോര്‍ജും പത്രിക നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ഉമയുടെ സ്ഥാനാര്‍തിത്വത്തിൽ പ്രതിഷേധിച്ചാണ് മത്സരമെന്ന് ടോം പറയുന്നെങ്കിലും ഇങ്ങനെയൊരു പ്രവര്‍ത്തകനെ അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.