സദാചാര ആക്രമണം നടന്നിട്ട് 19 ദിവസം, സഹാർ മരിച്ചിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ് ​​​​​​​

sahar killed
തൃശൂര്‍: തൃശൂരിലെ സദാചാര കൊലപാതകത്തിൽ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. മരണത്തിലേക്ക് നയിച്ച ആക്രമണം നടന്ന് പത്തൊമ്പത് ദിവസമായിട്ടും പ്രതികളെ കണ്ടെത്താനായില്ല. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ ബസ് ഡ്രൈവർ സഹാർ ചൊവ്വാഴ്ചയാണ് മരിച്ചത്. ജീവിതത്തോട് പൊരുതി 17 ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ കിടന്നത്. 

ആക്രമണം നടന്നപ്പോൾ തന്നെ പ്രതികളെ പിടികൂടാതെ പോലീസ് കാണിച്ച അനാസ്ഥയാണ് വിനയായത്. സഹാർ ആശുപത്രിയിൽ കിടന്നിരുന്ന  21 ന് ചേർപ്പ് പോലീസിന് പരാതി എത്തിയതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പോലീസ് പ്രതികളെ തേടിയിറങ്ങിയില്ല. നിലവിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല. 

വിദേശത്തേക്ക് കടന്ന പ്രധാന  പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റു പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോൺ, ഗിൻജു, അമീർ, രാഹുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.

സൈബർ സെല്ലിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്കെത്താനായില്ല. പ്രതികളുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. വിദേശത്തേക്ക് പോയ രാഹുലിനെ തിരികെ എത്തിക്കാൻ സമ്മർദ്ദം തുടരുന്നു. പെൺ സുഹൃത്തിന്റെ വീട്ടിൽ വന്ന ബസ് ഡ്രൈവർ സഹറിനെ ആക്രമിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹർ സൗഹൃദം സ്ഥാപിച്ചതാണ് മർദന കാരണം.