ഭക്ഷ്യവിഷബാധയേറ്റ് 19കാരി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

anju sree
 


കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യ വിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും ആശുപത്രി അധികൃതര്‍ കൃത്യസമയത്ത് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. 

ജനുവരി 1നാണ്  അഞ്ജുശ്രീ  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആദ്യം ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്ന് തന്നെ വീടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ജനുവരി അഞ്ചിന് വീണ്ടും ചികിത്സ തേടി. ആറാം തിയതി പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 

അതേസമയം, അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഇന്നോ നാളെയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അല്‍ റൊമാന്‍സിയ ഹോട്ടലില്‍ ഒരു മാസം മുന്‍പ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഒരു സ്‌ക്വാഡ് വീതം പരിശോധന നടത്തും.

അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന്‍ സിന്‍ഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.