കൊച്ചി ആഴക്കടലിൽ പാക്ക് ബോട്ടിൽനിന്ന് പിടിച്ചത് മെത്താംഫെറ്റമിൻ; മൂല്യം 25,000 കോടി രൂപയെന്ന് എൻസിബി

കൊച്ചി: ആഴക്കടലിൽ പാക്കിസ്ഥാൻ ബോട്ടിൽനിന്ന് പിടികൂടിയ വമ്പൻ ലഹരിമരുന്ന് ശേഖരത്തിന്റെ മൂല്യം 25,000 കോടി രൂപ ആണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി). 15,000 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടികൂടിയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
23 മണിക്കൂർ നീണ്ട കണക്കെടുപ്പിനൊടുവിൽ, 2,525 കിലോ മെത്താംഫിറ്റമിന്‍ ആണ് പിടിച്ചെടുത്തതെന്ന് എൻസിബി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താംഫിറ്റമിന്‍ ശേഖരമാണിത്. ഉയർന്ന ഗുണനിലവാരമുള്ള മെത്താംഫെറ്റമിൻ ആയതിനാലാണു മൂല്യം കൂടിയത്.
ഒരു കിലോഗ്രാം വീതമുള്ള 2800 ബോക്സുകളിലാണ് മെത്താംഫിറ്റമിന്‍ സൂക്ഷിച്ചിരുന്നത്. പാക്കിസ്ഥാന് കമ്പനികളുടെ പേരും മുദ്രയുമായി ഭക്ഷണ കണ്ടെയ്നറുകള്‍ എന്ന് തോന്നിക്കും വിധമായിരുന്നു ഇവ പായ്ക്ക് ചെയ്തിരുന്നത്. മറ്റ് ലഹരി പദാര്‍ഥങ്ങള്‍ 134 ചാക്കുകളിലാണ് ഒളിപ്പിച്ചിരുന്നത്.
പിടികൂടിയ ലഹരിമരുന്നും പാക്ക് പൗരനെയും തിങ്കളാഴ്ച മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും. 134 ചാക്കുകളിലായിട്ടായിരുന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കൾ. ഒരു കിലോ വീതമുള്ള പാക്കറ്റുകളായിട്ടായിരുന്നു മെത്താംഫെറ്റമിൻ സൂക്ഷിച്ചിരുന്നത്.
ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കി. കടന്നുകളഞ്ഞ 2 ബോട്ടുകൾ കണ്ടെത്തുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നേവിയും എൻസിബിയും അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു വൻതോതിൽ രാസലഹരി കണ്ടെത്തിയത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട റാക്കറ്റ് ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരികടത്തു വർധിച്ചതോടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത’യെന്ന പേരിൽ എൻസിബിയും നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കി.
ശനിയാഴ്ചയാണ് കടലിൽ വച്ച് ലഹരിമരുന്ന് കടത്തിയ ബോട്ട് പിടികൂടിയത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട ലഹരിക്കടത്തുകാർ കൂടുതൽ ലഹരിമരുന്ന് കടലിൽ മുക്കിക്കളഞ്ഞതായി സൂചനയുണ്ട്.