'സ്വർണക്കടത്ത് കേസ് ഒത്തുതീ‍ര്‍പ്പിന് 30 കോടി വാഗ്ദാനം ചെയ്തു, ഇടനിലക്കാരൻ വിജയ് പിള്ള'; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌നാ സുരേഷ്

swapna
 

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്നും തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് നിർദേശിച്ചെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്‍റെ ആയുസ്സിന് ദോഷംവരുത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞെന്നും സ്വപ്ന പറയുന്നു.

 
സ്വപ്നയുടെ വാക്കുകൾ 

മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താൻ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറ‌ഞ്ഞു. 

ഗോവിന്ദൻ മാസ്റ്റർ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും അയാൾ പറഞ്ഞു.  

ഒത്ത് തീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയൻ കരുതരുത്.  എന്തു വന്നാലും പിണറായി വിജയനെതിരായ വിവരങ്ങൾ സത്യങ്ങൾ പുറത്ത് കൊണ്ടുവരും.  മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗപ്പെടുത്തി. ഇനിയതിന് കഴിയില്ലെന്നും സ്വപ്ന പറഞ്ഞു. 

  
ഇതുവരെ സ്വർണക്കടത്ത് കേസിൽ ഉയർന്ന് കേൾക്കാത്ത പേരായിരുന്നു എം.വി ഗോവിന്ദന്റേത്. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലോടെ എം.വി ഗോവിന്ദനും കേസിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഭീഷണിക്കെതിരെ സ്വപ്‌ന കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.