സംസ്ഥാനത്ത് 46 പേർക്ക് H1N1; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി

veena geo
 

തിരുവനന്തപുരം: സംസ്ഥാനത്ത് 46 H1N1 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. H3N2 കേസുകള്‍ ഉണ്ടെങ്കിലും വളരെ കുറവാണ്. സംസ്ഥാനത്ത് പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട കേസുകള്‍ നേരിയ തോതില്‍ വര്‍ധിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

മലപ്പുറം ജില്ലയില്‍ ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. വേനല്‍ക്കാലത്ത് മലിനമായ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പനിയുമായി ആശുപത്രിയില്‍ എത്തുന്നവരുടെ സ്രവം പരിശോധിക്കണം. 11 മണി മുതല്‍ 3 മണി വരെ പുറത്ത് വെയിലില്‍ ജോലി ചെയ്യരുതെന്നും നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.